ബാള്‍ക്കന്‍ യുദ്ധങ്ങളുടെ സിനിമാക്കാഴ്ച്ചകള്‍: ഭാഗം 2

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് pretty village pretty flame നെ പറ്റിയായിരുന്നല്ലോ. യുദ്ധമുഖത്തെ സംഭവങ്ങളെപ്പറ്റിയാണ് അത് പ്രധാനമായും പ്രതിപാദിച്ചിരുന്നത്. ആധുനിക യുഗോസ്ലാവിയയുടെ ചരിത്രം പ്രമേയമാക്കിയ ഒരു സിനിമയയാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നത്.
എമിര്‍ കുസ്തുറിത്സ എന്ന സംവിധായകന് പ്രത്യേകിച്ചൊരു ആമുഖമാവശ്യമുണ്ട് എന്ന് തോന്നുന്നില്ല. Black Cat White Cat, Arizona Dream, Life is A Miracle തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണദ്ദേഹം. അദ്ദേഹത്തിന്റെ 1995ല്‍ പുറത്തിറങ്ങിയ Underground എന്ന സിനിമയുടെ പ്രമേയം രണ്ടാംലോക മഹായുദ്ധം മുതല്‍ ബാള്‍ക്കന്‍ യുദ്ധങ്ങള്‍ വരെയുള്ള യുഗോസ്ലാവിയയുടെ ചരിത്രമാണ്.
pretty village pretty flame ലേത് പോലെ അണ്ടര്‍ഗ്രൗണ്ടും രണ്ട് സുഹ്രുത്തുക്കളുടെ കഥയാണ് പറയുന്നത്. ഇത്തവണ രണ്ട് പേരും സെര്‍ബുകള്, ബ്ലാക്കിയും മാര്‍ക്കോയും‍. ചില്ലറ മോഷണമൊക്കെ നടത്തി ജീവിക്കുന്നവര്‍. എന്നു പറഞ്ഞാല്‍ അത്ര ചെറിയ മോഷണമൊന്നുമല്ല, രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍ ജര്‍മ്മങ്കാരുടെ ആയുധങ്ങള്‍ അടിച്ചുമാറ്റി കമ്മ്യൂണിസ്റ്റ്കാര്‍ക്ക് വില്ക്കുന്നതു പോലെയുള്ള 'ചെറിയ ചെറിയ വിനോദങ്ങള്‍'. രണ്ടുപേരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തതിന്റെ ആഘോഷത്തോടെയാണ് സിനിമ തുടങ്ങുന്നത്. ബ്ലാക്കിയുടെ സ്വന്തം ബാന്‍ഡ് സംഗീതമാലപിച്ച് കൊണ്ട് അയാള്‍ സഞ്ചരിക്കുന്ന കുതിരവണ്ടിയുടെ പുറകെ പായുന്നതാണ് ഓപ്പണിങ് സീന്‍.

യുദ്ധസാമഗ്രികളുമായി വരുന്ന ഒരു ജര്‍മ്മന്‍ ട്രയിന്‍ കൊള്ളയടിക്കുന്നതോടെ ഇവര്‍ക്കു വേണ്ടി ജര്‍മ്മന്‍കാര്‍ തിരച്ചിലാരംഭിക്കുന്നു. ജര്‍മ്മന്‍ പട്ടാളത്തിന്റെ കണ്ണുവെട്ടിക്കുന്നതിനായി ബ്ലാക്കിയും മാര്‍ക്കോയും പരിവാരങ്ങളും ബ്ലാക്കിയുടെ അപ്പൂപ്പന്റെ വീടിന്റെ ബേസ്മെന്റില്‍ ഒളിക്കുന്നു. ബ്ലാക്കിയെയും മറ്റുള്ളവരെയും മാര്‍ക്കോ സമര്‍ത്ഥമായി കബളിപ്പിച്ച് ആ നിലവറയില്‍ വര്‍ഷങ്ങളോളം അടച്ചിടുന്നു.
ഈ സമയത്ത് പുറംലോകത്താകട്ടെ സ്ഥിതിഗതികള്‍ ആകെ മാറിമറിയുന്നു. രണ്ടാംലോക മഹായുദ്ധം അവസാനിക്കുന്നു, മാര്‍ഷല്‍ തിത്തോയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വരുന്നു. സഖാവ് മാര്‍ക്കോ ഇപ്പോള്‍ മന്ത്രിയാണ്. ബ്ലാക്കിയാകട്ടെ തന്റെ അണ്ടര്‍ഗ്രൗണ്ട് ലോകത്തില്‍ ഇപ്പോഴും നാസികളെ പ്രതിരോധിക്കുന്നതിനാവശ്യമായ ആയുധങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ്. ഈ അധോലോക-ആയുധനിര്‍മ്മാണ-സഖാക്കള്‍ പുറത്തെത്തുന്നതും മറ്റുമാണ് തുടര്‍ന്നുള്ള കഥ.
സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രം നതാലിയ എന്ന നാടകനടിയാണ്. തികച്ചും അവസരവാദിയായ അവള്‍ ആദ്യം ബ്ലാക്കിയയെയും പിന്നീട് ഒരു ജര്‍മ്മന്‍ പട്ടാളക്കാരനെയും പാട്ടിലാക്കിയതിനു ശേഷം മാര്‍ക്കോയുടെ ഭാര്യയാകുന്നു. മാര്‍ക്കോയുടെ വഞ്ചനയ്ക്ക് സഹായം ചെയ്തു കൊടുക്കുന്നതും നതാലിയ തന്നെ. മാര്‍ക്കോയുടെ സഹോദരനായ ഇവാനും അയാള്‍ ഓമനിച്ച് വളര്‍ത്തുന്ന ഒരു കുരങ്ങനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ തുടക്കത്തില്‍ നാസികള്‍ മാര്‍ക്കോയുടെയും ബ്ലാക്കിയുടെയും പട്ടണം ആക്രമിക്കുന്നതിന്റെ വിശദമായ ദ്രുശ്യങ്ങള്‍ കാണിക്കുന്നുണ്ട്. ബോംബാക്രമണത്തില്‍ ഇവാന്‍ നടത്തിപ്പുകാരനായ മ്രുഗശാല തകരുകയും വന്യജീവികള്‍ തെരുവിലിറങ്ങുകയും ചെയ്യുന്നു. ഈ സമയം ബ്ലാക്കിയാകട്ടെ ഭക്ഷണം ആസ്വദിച്ച് കഴിച്ചു കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണിയായ ഭാര്യയുടെ നിലവിളിയോ ബോംബിന്റെ കാതടപ്പിക്കുന്ന ഒച്ചയോ ഒന്നും അയാളെ അലോസരപ്പെടുത്തുന്നില്ല. എന്നാല്‍ ജാനലയ്കല്‍ വച്ചിരുന്ന തന്റെ ഷൂ ഒരു ആന (നേരത്തെ മ്രുഗശാലയില്‍ നിന്ന് രക്ഷപ്പെട്ടതാണിവന്‍) വന്നെടുത്തു കൊണ്ടു പോകുമ്പോള്‍ അയാള്‍ കോപാക്രാന്തനാകുന്നു. ആനയെ "തടിയന്‍ കുതിരേ" എന്നു വിളിച്ചാണയാള്‍ തന്റെ ദേഷ്യം തീര്‍ക്കുന്നത്. സമാനമായ ദ്രുശ്യങ്ങളാല്‍ തുടക്കം മുതല്‍ ഒടുക്കം വരെ കറുത്ത ഹാസ്യം നിറഞ്ഞു നില്‍ക്കുന്ന സിനിമയാണിത്.
സിനിമയുടെ കേന്ദ്രബിംബം എന്നത് ബ്ലാക്കിയും കൂട്ടരും ജീവിക്കുന്ന അധോലോകമാണ്. പുറംലോകത്ത് നടക്കുന്നതെന്തന്നറിയാതെ ഇല്ലാത്ത ശത്രുവിനു വേണ്ടി പടയൊരുക്കം നടത്തുകയാണവര്‍. മാര്‍ക്കോ കൊടുക്കുന്ന നായത്തീറ്റ തിന്നാണവര്‍ കഴിയുന്നത് എന്നാലവര്‍ വിശ്വസിക്കുന്നത് പുറത്ത് നടക്കുന്ന യുദ്ധത്തില്‍ നിന്ന്‍ സുരക്ഷിതരായി സുഖജീവിതം നയിക്കുകയാണ് തങ്ങളെന്നാണ്. വിചിത്രമായ തരത്തില്‍ സോഷ്യലിസം നിലനില്‍ക്കുന്ന ഒരു സമൂഹം കൂടിയാണത്, കുട്ടികള്‍ പോലും ആരുടെയും സ്വന്തമല്ല മറിച്ച് എല്ലാവരുടെയുമാണ്. കമ്മ്യുണിസ്റ്റ് ഭരണകാലത്തെ യുഗൊസ്ലാവിയന്‍ സമൂഹം തന്നെയാണ് ഈ അധോലോകം പ്രതിനിധാനം ചെയ്യുന്നത്. അവസാനം ഇവാന്റെ കുരങ്ങനാല്‍ മോചിക്കപ്പെട്ട് പുറത്ത് എത്തുമ്പോഴും യുദ്ധം തന്നെയാണ് അവര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇത്തവണ ശത്രു നാസികളല്ല മറിച്ച് സ്വന്തം സഹോദരങ്ങളാണ് എന്നു മാത്രം. സിനിമയുടെ അന്ത്യത്തില്‍ മാര്‍ക്കോ പറയുന്നു "ഒരാള്‍ സ്വന്തം സഹോദരനെക്കൊല്ലുമ്പോഴാണ് യഥാര്‍ത്ഥ യുദ്ധം ഉണ്ടാകുന്നത്". സിനിമയുടെ സന്ദേശവും അതു തന്നെ.
95 ലെ പാം ദോര്‍ പുരസ്കാരം ഈ സിനിമയ്കായിരുന്നു. പലരില്‍ നിന്നും നിശിതവിമര്‍ശനവും underground ന് നേരിടേണ്ടി വന്നു. pretty village pretty flame നെപ്പോലെ ഇതിനെതിരെയും സെര്‍ബ് പ്രൊപ്പഗാണ്ടപ്പടം എന്ന ആരോപണം ഉണ്ടായി. 2 മണിക്കൂര്‍ 47 മിനിറ്റാണ് ഈ സിനിമയുടെ ദൈര്‍ഘ്യം. താരതമ്യേന നീളം കൂടുതലാണെങ്കിലും വളരെ ഡൈനാമിക് ആയ സിനിമയാണിത്. ഓരോ സീനിലും ഊര്‍ജ്ജസ്വലത നിലനിര്‍ത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയ്ന്റ്. ചടുലമായ താളത്തോടു കൂടിയ ഒരു കോമാളി നാടകം പോലെയാണിത്. എങ്കിലും അവസാനം ബാക്കിയകുന്നത് ദു:ഖം തന്നെയായിരിക്കും. എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്ന ജിപ്സി സംഗീതമാണ്. ബ്ലാക്കിയുടെ സ്വകാര്യ ബാന്‍ഡ് വാദ്യക്കാരാണ് സിനിമയില്‍ ഇതിന്റെ ഉറവിടം. ബ്ലാക്കി പോകുന്നിടത്തെല്ലാം (മൂത്രമൊഴിക്കുമ്പോള്‍ പോലും) ഈ ഘോഷയാത്ര കൂടെ നടന്ന് സംഗീതം ആലപിക്കുന്നു. സിനിമയില്‍ പലയിടങ്ങളിലായി ഉപയോഗിച്ചിരിക്കുന്ന മറ്റൊരു പാട്ട് രണ്ടാം ലോകമഹായുദ്ധകാലത്ത് റേഡിയോ ബെല്‍ഗ്രേഡ് തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്തിരുന്ന 'ലിലി മാര്‍ലീന്‍' എന്ന ഹിറ്റ് ഗാനമാണ്.

നമ്മുടെയെല്ലാം സ്വത്വത്തിന്റെ ഒരു ഭാഗം ദേശവും ഭാഷയുമൊക്കെയാണെന്നാണെന്റെ വിശ്വാസം. തമ്മിലടിച്ച് പലരാജ്യങ്ങളായി പിരിഞ്ഞു പോകുമ്പോള്‍ ആ തകര്‍ച്ച പ്രതിഫലിക്കുന്നതും വ്യക്തികളുടെ ഉള്ളിലായിരിക്കും. ഇതിന്റെ വ്യാപ്തി ആവിഷ്കരിക്കുന്നതില്‍ കുസ്തുരിത്സ തീര്‍ച്ചയായും വിജയിച്ചിട്ടുണ്ട്.
ഈ സിനിമ കാണുവാന്‍ ആഗ്രഹമുള്ളവര്‍ക്കായി ടൊറന്റ് ഇവിടെ
6 Responses
  1. നതാഷ Says:

    ബാള്‍ക്കന്‍ യുദ്ധങ്ങളുടെ സിനിമാക്കാഴ്ച്ചകള്‍: ഭാഗം 2


  2. One of the best movie blogs in Malayalam. Keep it up. Valarey nalla ezhuthum aanu.


  3. JIGISH Says:

    Nathasha,

    Thankalude blog nannaayirikkunnu.!
    www.vaakku.ning.com enna social networkil world cinemayude
    fans kurepper undu.Please join us as soon as possible..!

    Just waiting for that..
    Regards,
    Jigish.


  4. മൂന്നാം ഭാഗം പ്രതീക്ഷിക്കുന്നു.


  5. ഗൗരി Says:

    മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
    http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .


  6. Bijoy Says:

    Dear blogger,

    We are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here


    http://njanumcinemayum.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

    pls use the following format to link to us

    KeralaTravel

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus